• Tue. Dec 24th, 2024

‘ആടുജീവിതം’ സിനിമയായി തിയേറ്ററുകളിലെത്തുമ്പോള്‍ പേരക്കുട്ടിയുടെ വേര്‍പാടിന്റെ വേദനയില്‍ നജീബ്

ByPathmanaban

Mar 28, 2024

ബെന്യാമിന്റെ ‘ആടുജീവിതം’ നോവല്‍ സിനിമയായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുമ്പോള്‍ അതിലെ ജീവിക്കുന്ന നായകന്‍ ആറാട്ടുപുഴ പത്തിശ്ശേരില്‍ ജങ്ഷനു തെക്ക് തറയില്‍വീട്ടില്‍ നജീബിന്റെ ഉള്ളുരുകുകയാണ്. പേരക്കുട്ടിയുെട മരണം നല്‍കിയ വേദനയാണ് മനസ്സുനിറയെ.മരുഭൂമിയില്‍ താന്‍ കരഞ്ഞുതീര്‍ത്തതും നോവലിലൂടെ വായനക്കാരെ കരയിച്ചതുമായ ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരം കാണാന്‍ നജീബ് കാത്തിരിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. സിനിമ 28-നു പുറത്തിറങ്ങുമെന്ന പ്രഖ്യാപനം വന്നതോടെ സന്തോഷത്തിലായിരുന്നു. അതിനിടെയാണ് ശനിയാഴ്ച വൈകീട്ട് മകന്റെ മകള്‍ ഒന്നര വയസ്സുകാരി സഫാമറിയം വിടവാങ്ങിയത്. ശ്വാസംമുട്ടലിനെത്തുടര്‍ന്നായിരുന്നു മരണം.

ഷുക്കൂര്‍ എന്നു വിളിപ്പേരുള്ള നജീബ്, പ്രവാസ ലോകത്തോടു വിടപറഞ്ഞത് ജീവിതപ്രാരബ്ധങ്ങള്‍ തീര്‍ന്നിട്ടല്ല. സൗദി അറേബ്യയില്‍ രണ്ടു വര്‍ഷത്തിലേറെ അനുഭവിച്ച ‘ആടുജീവിതം’ ഇന്നും മനസ്സിന്റെ വിങ്ങലാണെന്നു നജീബ് പറയുന്നു.പ്രവാസജീവിതത്തിലെ രണ്ടാംഘട്ടത്തില്‍ ബഹ്റൈനിലെ 20 വര്‍ഷത്തെ അധ്വാനഫലമായാണ് ജീവിതം കരുപ്പിടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആറാട്ടുപുഴ കടപ്പുറത്ത് പൊങ്ങുവള്ളമെത്തുമ്പോള്‍ വലയഴിച്ചു മീന്‍വില്‍ക്കുന്ന ജോലിയാണ് നജീബിനിപ്പോള്‍. മകള്‍ സഫീനയെ വിവാഹം ചെയ്തയച്ചു. സങ്കടത്തിലും സന്തോഷത്തിലും കൂട്ടായി ഭാര്യ സഫിയത്ത് ഒപ്പമുണ്ട്.

കുടുംബനാഥന്റെ പ്രവാസജീവിതത്തിലെ ദുരിതപര്‍വം തിയേറ്ററില്‍പ്പോയി കാണാന്‍ നജീബിന്റെ കുടുംബവും തയ്യാറെടുത്തിരിന്നു. എന്നാല്‍, സഫയുടെ വേര്‍പാടോടെ വീട്ടിലെ ആഹ്‌ളാദം നിലച്ചു.നജീബിന്റെ മകന്‍ ഒമാനില്‍ ജോലിചെയ്യുന്ന സഫീര്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബാപ്പയുടെ ജീവിതസിനിമ കാണാന്‍ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് ബുക്കു ചെയ്തിരുന്നു. കുഞ്ഞിന്റെ മരണത്തെത്തുടര്‍ന്ന് നേരത്തേ നാട്ടിലെത്തി. സംവിധായകന്‍ ബ്‌ളെസ്സിയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനു വഴങ്ങി, വ്യാഴാഴ്ച എറണാകുളത്തെ തിയേറ്ററിലെത്താമെന്നു നജീബ് സമ്മതിച്ചിട്ടുണ്ട്.തങ്ങളുടെ ‘നജീബിക്ക’യുടെ ജീവിതം സിനിമയാകുമ്പോള്‍ അതു കാണാനുള്ള കാത്തിരിപ്പിലാണ് നാട്ടുകാരെന്ന് ഹരിപ്പാട് പ്രവാസി അസോസിയേഷന്‍ അംഗവും നജീബിന്റെ അയല്‍വാസിയുമായ തണ്ടാശ്ശേരില്‍ നിയാസ് ഇര്‍ഷാദ് പറഞ്ഞു.

Spread the love

You cannot copy content of this page