• Tue. Dec 24th, 2024

മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണം; പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

ByPathmanaban

Mar 26, 2024

മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

ഭാര്യയുമായുള്ള പ്രശ്‌നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്‌റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.

സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദ വിവരങ്ങള്‍ പുറത്തായിരുന്നു. ക്രൂരമായ മര്‍ദ്ദനം കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചു. കുഞ്ഞ് മരിച്ചതിനു ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞു പരുക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും ശരീരത്തിലുണ്ട്. തലയ്ക്കു ഗുരുതര പരുക്കേറ്റു.

തലയില്‍ രക്തം കെട്ടിക്കിടക്കുന്നുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് മുന്‍പ് മര്‍ദ്ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവമാണ് മരണകാരണം. മര്‍ദ്ദനത്തില്‍ വാരിയെല്ലുകളും പൊട്ടിയിരുന്നു. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുന്‍പ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടര്‍ന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം.

Spread the love

You cannot copy content of this page