തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറുടെ നടപടിയിൽ വിശദീകരണം തേടി ഗവർണർ. വെറ്ററിനറി സർവകലാശാല വി സിയോടാണ് ഗവർണർ വിശദീകരണം തേടിയത്. വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകാനാണ് ആവശ്യം. വി സിയുടെ നടപടിക്കെതിരെ സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് രംഗത്ത് വന്നിരുന്നു.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ് സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് ഉന്നയിച്ചത്. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിയമോപദേശം പോലും തേടാതെയാണ് വി സി യുടെ നടപടിയെന്നും കേസ് അട്ടിമറിക്കാൻ വി സി കൂട്ട് നിൽക്കുന്നതായും അതിന് വി സിക്ക് എന്തെങ്കിലും ഓഫർ കാണുമായിരിക്കുമെന്നുമായിരുന്നു ജയപ്രകാശിൻ്റെ പ്രതികരണം.
സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കാനുള്ള വി സിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. വി സി യുടെ നടപടി പിൻവലിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു.