• Tue. Dec 24th, 2024

കേരളത്തില്‍ വമ്പന്‍ പ്രീ സെയിലുമായി ആടുജീവിതം; വിറ്റത് 1.05 ലക്ഷം ടിക്കറ്റുകള്‍

ByPathmanaban

Mar 25, 2024

ലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബ്ലെസ്സിയുടെ ആടുജീവിതം. ഈ മാസം 28 ന് റിലീസ് ചെയ്യുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സിനിമയ്ക്ക് വമ്പന്‍ പ്രീ സെയിലാണ് കേരളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണ്. സംസ്ഥാനത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിയതായി ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് റിപ്പോര്‍ട്ട് ചെയ്തു. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ സിനിമ മികച്ച പ്രീ സെയില്‍ തന്നെയാണ് നേടുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ചിത്രം ബുക്കിംഗില്‍ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബുക്ക് മൈ ഷോയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ആടുജീവിതം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.

160 ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. ചിത്രീകരണ സമയത്തെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി കൊറോണ ഡേയ്‌സ് എന്ന ഡോക്യുമെന്ററി അടുത്തിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

Spread the love

You cannot copy content of this page