മലപ്പുറം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ മൂല്യങ്ങള്‍ ബോധപൂര്‍വം തകര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി മലപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. രാജ്യം നേരിടുന്ന ഗുരുതരമായ സ്ഥിതിയാണ് ഇത്തരം പരിപാടിക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനയെ തള്ളിപ്പറഞ്ഞ കൂട്ടരാണ് ആര്‍എസ്എസ്. ബിജെപിയാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നത്. ബിജെപി ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുകയാണ്. ആര്‍എസ്എസിന്റെ അജണ്ട നേരത്തെ തീരുമാനിച്ചതാണെന്നും ആര്‍എസ്എസിന്റെ ആശയത്തിന് ആര്‍ഷ ഭാരത സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹിറ്റ്‌ലറുടെ ആശയം ആണ് ആര്‍എസ്എസ് ഇവിടെ നടപ്പിലാക്കുന്നത്. ആര്‍എസ്എസ് ഇവിടെയുള്ള ന്യുനപക്ഷത്തെ ലക്ഷ്യമിടുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടപ്പിലാക്കിയതാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാസികള്‍ ജൂതരെ ലക്ഷ്യമിട്ടത് പോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുന്നു. വാജ്പേയ് സര്ക്കാറിന്റെ കാലത്താണ് ഇതിന് തുടക്കമിട്ടത്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് അന്ന് പറഞ്ഞു. മതാടിസ്ഥാനത്തിലാണെന്ന് അന്ന് പറഞ്ഞില്ല. അത് ആര്‍എസ്എസിന്റെ അജണ്ടയുടെ തുടക്കമായിരുന്നു. എന്‍ആര്‍സി കൊണ്ടുവന്നതും അതിന്റെ ഭാഗം. സംഘ്പരിവാറിന്റെ അജണ്ട വെറുപ്പിന്റെ പ്രത്യശാസ്ത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും പാസാക്കാന്‍ ഇവിടെ ഒരു സര്‍ക്കാരിനും കഴിയില്ല. അത് ഭരണഘടനാ ലംഘനമാണ്. കുടിയേറ്റക്കാരെ മുസ്ലിം എന്നും അമുസ്ലിം എന്നും വേര്‍തിരിക്കുന്നു. ഇന്ത്യ എന്ന ആശയത്തിന് എതിരെയുള്ള വെല്ലുവിളിയാണിത്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സെന്‍സസിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാന്‍ നോക്കി. ആര്‍എസ്എസ് അജണ്ട നടപ്പാക്കില്ലെന്ന് കേരളം ഒറ്റക്കെട്ടായി പറഞ്ഞതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ആര്‍എസ്എസിന്റെ ആശയം ഹിറ്റ്‌ലറുടേതും, സംഘടന രീതി മുസോളിനിയുടെയും ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. മുസ്ലിങ്ങളെ രണ്ടാംകിട പൗരനാക്കി മാറ്റുന്നു. മുസ്ലിങ്ങളെ നിഷ്‌കാസനം ചെയ്യേണ്ട വിഭാഗമായി സംഘപരിവാര്‍ കാണുന്നു. താജ്മഹലും, ജുമാമസ്ജിദും നിര്‍മ്മിച്ചത് മുഗള്‍ രാജാക്കന്മാരാണ്. ഇന്ത്യയുടെ സ്വത്ത് ആയാണ് ഇവയെ കാണുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മകന്‍ ധാരഷിക്കോഹ് സംസ്‌കൃതം പഠിച്ച് അന്‍പത് ഉപനിഷത്തുകള്‍ പേര്‍ഷ്യയിലേക്കു തര്‍ജമ ചെയ്തു. ഇതൊന്നും ആര്‍ എസ് എസിന് അറിയില്ല . ഭാരത് മാതാ കീജയ് മുദ്രാവാക്യം ഉണ്ടാക്കിയത് അസിമുള്ള ഖാനാണ്. സംഘപരിവാറുകാര്‍ ഈ ചരിത്രം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.