• Tue. Dec 24th, 2024

കസ്റ്റഡിയിലിരിക്കെ ഭരണ നിർദ്ദേശം: കത്തിൽ അന്വേഷണവുമായി ഇഡി, അതിഷി മർലേനയെ ചോദ്യം ചെയ്തേക്കും

ByPathmanaban

Mar 25, 2024

ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ ഭരണകാര്യങ്ങളില്‍ കെജ്രിവാള്‍ നിര്‍ദ്ദേശം നല്‍കിയെന്ന ജലവിഭവ വകുപ്പ് മന്ത്രി അതിഷി മര്‍ലേനയുടെ അവകാശവാദത്തില്‍ അന്വേഷണവുമായി ഇഡി. കസ്റ്റഡിയില്‍ ഇരുന്ന് കെജ്രിവാള്‍ എങ്ങനെ സര്‍ക്കാരിന് നിര്‍ദേശം നല്‍കി എന്നാണ് ഇ ഡി അന്വേഷിക്കുക. ഇതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ അതിഷിയെ ചോദ്യം ചെയ്‌തേക്കും. കത്ത് വ്യാജമെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിന് കമ്പ്യൂട്ടറോ പേപ്പറോ അനുവദിച്ചിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജയിലില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ ആദ്യ ഉത്തരവ് പുറത്തിറക്കിയെന്ന എഎപിയുടെ ജലവിഭവ വകുപ്പ് മന്ത്രി അതിഷി മെര്‍ലേനയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. അതിഷി ചൂണ്ടിക്കാണിച്ച ഉത്തരവ് വ്യാജമാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് കസ്റ്റഡിയില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ സാധിക്കുന്ന പശ്ചാത്തല സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്ന വിവരം പുറത്ത് വന്നത്.

ഭാര്യ സുനിത കെജ്രിവാളിനും പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനും മാത്രമാണ് കെജ്രിവാളിനെ സന്ദര്‍ശിക്കുന്നതിനായി കോടതി അനുമതി നല്‍കിയിരിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയില്‍ അരമണിക്കൂര്‍ നേരമാണ് കൂടിക്കാഴ്ചയ്ക്ക് അനുമതിയുള്ളത്. എപിജെ അബ്ദുള്‍കലാം റോഡിലെ ഇ ഡി ആസ്ഥാനത്ത് അറസ്റ്റിലുള്ളവരുമായി അഭിഭാഷകരോ കുടുംബമോ കൂടിക്കാഴ്ച നടത്തുന്ന സ്ഥലം സിസിടിവി നിരീക്ഷണത്തിലാണെന്നും ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

Spread the love

You cannot copy content of this page