തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതിയുടെ റാലി ഇന്ന് മലപ്പുറത്ത്. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിനും പങ്കെടുക്കാമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പരസ്യക്ഷണം ഉണ്ടായിട്ടില്ല. ഡോ. കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്ന് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിനും, കണ്ണൂരിനും, കാസര്‍കോടിനും പിന്നാലെയാണ് മലപ്പുറത്തും പരിപാടി നടക്കുന്നത്. കൊല്ലത്തും സമാനമായ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. പൗരത്വ പ്രക്ഷോഭത്തിനായി മലപ്പുറത്തേക്ക് മുഖ്യമന്ത്രി എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
മലപ്പുറം മച്ചിങ്ങല്‍ ബൈപാസ് ജങ്ഷനിലാണ് റാലി സംഘടിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കടുപ്പിക്കുകയാണ് സിപിഐഎം. 2020ല്‍ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. സമസ്ത ഇ കെ, എപി വിഭാഗങ്ങള്‍, കെഎന്‍എം, മര്‍കസുദ്ദ അവ, വിസ്ഡം, എംഇഎസ് തുടങ്ങിയ സംഘടനകളെ സിപിഐഎം പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.