റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിയുടെ മരണം രാഷ്ട്രീയ ലോകത്ത് ചര്‍ച്ചയാവുകയാണ്.
ഇപ്പോള്‍ ഭാര്യ യൂലിയ നവല്‍നയ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു”, എന്ന കുറിപ്പോടെ അലക്‌സി നവാല്‍നിക്കൊപ്പമുള്ള ചിത്രമാണ് യൂലിയ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം അലക്‌സി നവാല്‍നിയുടെ മരണത്തില്‍ പുടിനെ ശിക്ഷിക്കണമെന്ന് മ്യൂണിച്ചില്‍ നടന്ന പാശ്ചാത്യ സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കവെ യൂലിയ നവല്‍നയ പറഞ്ഞിരുന്നു. ‘പുടിന്റെ സര്‍ക്കാര്‍ നിരന്തരം നുണ പറയുകയാണ്. എന്റെ ഭര്‍ത്താവ് മരിച്ചതില്‍ പുടിന്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. നമ്മള്‍ ഒന്നിച്ച് ഈ തിന്മക്കെതിരെ പോരാടണം. റഷ്യയിലെ ഈ ദുഷിച്ച ഭരണകൂടത്തിനെതിരെ പോരാടണം’, അവര്‍ പറഞ്ഞു.
പുടിന്റെ സര്‍ക്കാരിനെതിരെ ഐക്യപ്പെടണമെന്നും അവര്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പുടിന്റേയും റഷ്യന്‍ഭരണകൂടത്തിന്റേയും അഴിമതിക്കഥകള്‍ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‍നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാല്‍നി പുടിന് കൂടുതല്‍ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020ല്‍ വിഷപ്രയോഗത്തിലൂടെ നവാല്‍നിയെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല.