• Mon. Dec 23rd, 2024

യുവാക്കള്‍ പെട്ടെന്നു മരിക്കുന്നതിനു പിന്നില്‍ കോവിഡ് വാക്സീൻ അല്ല: ഐസിഎംആര്‍ പഠനം

Bythetimesofkerala

Feb 19, 2024

ഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വർധിക്കുന്നതിന് പിന്നില്‍ കോവിഡ് വാക്സിനേഷനല്ലെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പഠനം.

മാത്രമല്ല, കോവിഡ് വാക്സീന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിട്ടുള്ളവരില്‍ ഇത്തരത്തിലുള്ള മരണസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നു.യുവാക്കള്‍ക്കിടയില്‍ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം രാജ്യത്ത് ശക്തമാകുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ പഠനറിപ്പോർട്ട് പുറത്തുവരുന്നത്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഇതിനു പിന്നിലെന്നും പഠനം അടിവരയിടുന്നുണ്ട്.

2021 ഒക്ടോബർ 1 മുതല്‍ 2023 മാർച്ച്‌ 31 വരെ രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു ഐസിഎംആർ പഠനം നടത്തിയത്. അറിയപ്പെടാത്ത രോഗങ്ങള്‍ ഇല്ലാത്തവരും എന്നാല്‍ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഇത്തരത്തിലുള്ള 729 കേസുകളാണ് സംഘം പഠനത്തിനു വിധേയമാക്കിയത്. രണ്ടു ഡോസ് കോവിഡ് വാക്സീൻ എടുത്തവർക്ക് പെട്ടെന്നുള്ള മരണം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഒരു ഡോസ് എടുത്തവർക്കും സാധ്യത കുറയുമെങ്കിലും ഇത്രയും ഫലം ലഭിക്കില്ല.

Spread the love

You cannot copy content of this page