• Mon. Dec 23rd, 2024

സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ല; ഇകെ നായനാരുടെ ഭാര്യ ശാരദ

ByPathmanaban

Jun 12, 2024

കണ്ണൂര്‍: സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ രാഷ്ട്രീയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും വീട്ടില്‍ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നും ശാരദ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് പല പ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ട്. കണ്ണൂരില്‍ എത്തിയാല്‍ വിളിക്കും. രാവിലെയാണ് ഭക്ഷണം ആവശ്യമെങ്കില്‍ രാവിലെ ഇങ്ങോട്ട് വരും. ഉച്ചയ്ക്കാണെങ്കില്‍ ഉച്ചഭക്ഷണം വേണമെന്ന് പറയും. ആദ്യമായി സഖാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഞാന്‍ സുരേഷ് ഗോപിയെ കാണുന്നത്. അതിനിടെ നഴ്സ് പറഞ്ഞു സുരേഷ് ഗോപി ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. പാവപ്പെട്ട ആളുകളെ സഹായിക്കും. ഓപ്പറേഷന്‍ ചെയ്യാനുള്ള പണം നല്‍കുമെന്നോക്കെ പറഞ്ഞപ്പോള്‍ അങ്ങനെയുമുള്ള മനസ്സ് ഉള്ളവരുണ്ടല്ലോ എന്നാണ് തോന്നിയത്’- ശാരദ കൂട്ടിച്ചേര്‍ത്തു.

‘വീട്ടില്‍ വരുന്നതിലൊന്നും രാഷ്ട്രീയം കാണാനില്ല. സുരേഷിനെ രാഷ്ട്രീയക്കാരനായിട്ടല്ല, നല്ലൊരു വ്യക്തിയായിട്ടാണ് കാണുന്നത്. നായനാരെയാണ് ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് സുരേഷ് ഗോപി എന്നോടും പറഞ്ഞിട്ടുണ്ട്. എന്റെ വീട്ടില്‍ വരുന്നവരോട് താന്‍ രാഷ്ട്രീയം ചോദിക്കാറില്ല. ഈയിടയായി വിട്ടീല്‍ വരാറില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ താന്‍ കാണാന്‍ വന്നാല്‍ അത് അമ്മയ്ക്ക് വിഷമമാകുമെന്ന് സുരേഷ് പറഞ്ഞു. സന്ദര്‍ശനം ഉച്ചയ്ക്കായതിനാല്‍ ഭക്ഷണം ഇവിടവച്ചാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ന് രാവിലെ കണ്ണൂരിലെത്തിയ സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. കണ്ണൂര്‍ പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുന്‍ മുഖ്യമന്ത്രി ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദയെ സന്ദര്‍ശിക്കും. ശേഷം കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

Spread the love

You cannot copy content of this page