നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്യ തലസ്ഥാനം ഒരുങ്ങി കഴിഞ്ഞു. ജൂണ്‍ ഒന്‍പതിന് (നാളെ) പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഈ സാഹചര്യത്തില്‍ രാജ്യത്ത് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് കമ്പനി അര്‍ദ്ധസൈനികര്‍, എന്‍എസ്ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്നൈപ്പര്‍മാര്‍ എന്നിവരടങ്ങുന്ന ബഹുതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് അവരുടെ ഹോട്ടലുകളില്‍ നിന്ന് വേദിയിലേക്കും തിരിച്ചും പ്രത്യേക റൂട്ടുകള്‍ നല്‍കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷയാകും രാജ്യത്ത്. പ്രമുഖരുടെയും ഡ്രോണുകളുടെയും റൂട്ടുകളില്‍ സ്നൈപ്പര്‍മാരെയും സായുധ പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും, ദേശീയ തലസ്ഥാനത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഡ്രോണുകള്‍ വിന്യസിക്കും.
സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഇവര്‍ക്കായി ഇതിനായി നഗരത്തിലെ ഹോട്ടലുകളായ ലീല, താജ്, ഐടിസി മൗര്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഹോട്ടലുകളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ കനത്ത സുരക്ഷ
രാഷ്ട്രപതി ഭവനില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചതിനാല്‍ പരിസരത്തും പുറത്തും ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി പോലീസിന്റെ SWAT (പ്രത്യേക ആയുധങ്ങളും തന്ത്രങ്ങളും), NSG എന്നിവയില്‍ നിന്നുള്ള കമാന്‍ഡോകളെ പരിപാടി ദിവസം രാഷ്ട്രപതിയുടെ ഭവനത്തിനും വിവിധ തന്ത്രപ്രധാന സ്ഥലങ്ങള്‍ക്കും ചുറ്റും വിന്യസിക്കും.
അഞ്ച് കമ്പനി അര്‍ദ്ധസൈനികരും ഡല്‍ഹി ആംഡ് പോലീസ് (ഡിഎപി) ജവാന്‍മാരും ഉള്‍പ്പെടെ 2500 ഓളം പോലീസുകാരെ വേദിക്ക് ചുറ്റും വിന്യസിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ട്രാഫിക് നിയന്ത്രണം
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പശ്ചാത്തലത്തില്‍, ഡല്‍ഹിയുടെ മധ്യഭാഗത്തേക്ക് പോകുന്ന നിരവധി റോഡുകള്‍ ഞായറാഴ്ച അടച്ചേക്കാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ രാവിലെ മുതല്‍ ഗതാഗതം വഴിതിരിച്ചുവിട്ടേക്കാം. കൂടാതെ, ശനിയാഴ്ച മുതല്‍ ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും.