• Mon. Dec 23rd, 2024

‘എന്നെ തല്ലിയത് പിന്തുണയ്ക്കുന്നവര്‍ ബലാത്സംഗമോ കൊലപാതകമോ ശരിയാണെന്ന് പറയുമോ?’; പരിഹസിച്ച് കങ്കണ

ByPathmanaban

Jun 8, 2024

ന്യൂഡല്‍ഹി: ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് തന്നെ തല്ലിയ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കോണ്‍സ്റ്റബിളിനെ പ്രശംസിച്ചവരെ പരിഹസിച്ച് നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത്. ഈ സംഭവത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ അതും ശരിയായിരിക്കുമോയെന്ന് കങ്കണ സാമൂഹ്യമാധ്യമമായ എക്സില്‍ ചോദിച്ചു.

‘ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കും കൊലപാതകികള്‍ക്കും കള്ളന്മാര്‍ക്കും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ശക്തമായ വൈകാരികമോ ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ കാരണങ്ങളുണ്ട്. ഒരു കുറ്റകൃത്യവും ഒരു കാരണവുമില്ലാതെ സംഭവിക്കുന്നില്ല. എന്നിട്ടും അവര്‍ കുറ്റവാളികളാകുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ കുറ്റവാളികളുമായി ശക്തമായ വൈകാരികത പുലര്‍ത്തുന്നുവെങ്കില്‍, ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ശരിയാണെങ്കില്‍, ബലാത്സംഗമോ കൊലപാതകമോ നിങ്ങള്‍ക്ക് ശരിയാണ്. മനഃശാസ്ത്രപരമായ ക്രിമിനല്‍ പ്രവണതകള്‍ നിങ്ങള്‍ ആഴത്തില്‍ നോക്കണം. ദയവായി യോഗയും ധ്യാനവും സ്വീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ജീവിതം കയ്‌പേറിയതും ഭാരമുള്ളതുമായ അനുഭവമായി മാറും. അധികം പകയും വെറുപ്പും അസൂയയും കാണിക്കരുത്”, അവര്‍ കുറിച്ചു.

കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയിലേക്ക് പോകവെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നും, തന്നെ കാത്തുനിന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് കങ്കണ പറഞ്ഞത്. പഞ്ചാബില്‍ തീവ്രവാദം വര്‍ധിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.എന്നാല്‍ കര്‍ഷക സമരം സംബന്ധിച്ച് കങ്കണ മുമ്പ് നടത്തിയ പരാമര്‍ശമാണ് തന്നെ ചൊടിപ്പിച്ചതെന്നും കര്‍ഷകരെ അധിക്ഷേപിച്ചതിനോടാണ് താന്‍ പ്രതികരിച്ചതെന്നും കുല്‍വിന്ദര്‍ കൗര്‍ പ്രതികരിച്ചു.

‘നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ അവിടെ പോയിരിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. അവര്‍ പോയി അവിടെ ഇരിക്കുമോ? അവര്‍ ഈ പ്രതികരണം നടത്തുമ്പോള്‍ എന്റെ അമ്മയും കര്‍ഷകര്‍ക്കൊപ്പം സമരത്തിലായിരുന്നു’, എന്നായിരുന്നു കുല്‍വീന്ദര്‍ കൗറിന്റെ വിശദീകരണം. താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തുകൊണ്ടാണ് സിനിമാപ്രവര്‍ത്തകര്‍ പ്രതികരിക്കാതിരിക്കുന്നതെന്നും കങ്കണ ചോദിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലായിരുന്നു കങ്കണയുടെ പ്രതികരണം. കുറച്ചുസമയത്തിന് ശേഷം നടി അത് നീക്കംചെയ്തു.

Spread the love

You cannot copy content of this page