• Tue. Dec 24th, 2024

തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ 20 പേർക്കെതിരെ കേസ്

ByPathmanaban

Jun 8, 2024

തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേരൽ, മർദിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ പരാതിയിലാണ് നടപടി.

തെരഞ്ഞെടുപ്പ് തോൽവിയെച്ചൊല്ലിയുള്ള വാക്കുതർക്കങ്ങളാണ് ഡിസിസി ഓഫീസിലെ കയ്യാങ്കളിയിൽ കലാശിച്ചത്. തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചുവെന്നാരോപിച്ച് സജീവൻ കുരിയച്ചിറ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് പരാജയം ചൂണ്ടിക്കാട്ടി ഓഫീസിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ താൻ ഒട്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്നായിരുന്നു സജീവന്റെ ആരോപണം.

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിൽ ഉണ്ടായിരുന്നവരും തമ്മിൽ കയ്യാങ്കളിയായി. പിന്നാലെ സജീവൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഈ പരാതിയിലാണിപ്പോൾ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘർഷത്തിന് പിന്നാലെ ഓഫീസ് സന്ദർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിഎ മാധവൻ വിഷയത്തിൽ കെപിസിസി നേതൃത്വത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് പ്രതികരിച്ചിരുന്നു.

മുരളീധരന്റെ തോൽവിക്ക് പിന്നാലെ ഡിസിസി ഓഫീസിലുണ്ടായ പൊട്ടിത്തെറി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയതായാണ് വിലയിരുത്തൽ. സംഘർഷത്തിൽ ഇന്നലെ തന്നെ ഹൈക്കമാൻഡ്, നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു.

Spread the love

You cannot copy content of this page