വടകര: കണ്ണൂരിലെ പാനൂരില്‍ നിയുക്ത എംപി ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൂത്തുപറമ്പ് മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റേതാണ് സന്ദേശം.
റോഡ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ അച്ചടക്കം പാലിക്കണമെന്നും മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നുമാണ് ശബ്ദസന്ദേശം. വനിതാ ലീഗ് പ്രവര്‍ത്തകര്‍ ഷാഫിക്ക് അഭിവാദ്യം അര്‍പ്പിച്ചാല്‍ മതിയെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇന്നാണ് പാനൂരില്‍ ഷാഫി പറമ്പിലിന്റെ റോഡ് ഷോ നടക്കുന്നത്. വടകരയിലെ വിജയാഹ്ലാദത്തില്‍ വോട്ടെണ്ണല്‍ ദിനം വനിത ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്തിരുന്നു.
‘ഷാഫി പറമ്പിലിന് കൂത്തുപറമ്പ് നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റി പാനൂരില്‍ വെള്ളിയാഴ്ച സ്വീകരണം നല്‍കുന്നുണ്ട്. എന്നാല്‍ സ്വീകരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലോ പ്രകടനത്തിലോ സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ല. ആഘോഷപരമായ ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ല. എന്നാല്‍ ഷാഫി പറമ്പിലിന് അഭിവാദ്യം അര്‍പ്പിക്കാനുള്ള സൗകര്യമുണ്ടാകും’ ഷാഹുല്‍ ഹമീദ് ശബ്ദസന്ദേശത്തില്‍ പറയുന്നു. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും സന്ദേശത്തിലുണ്ട്.