• Tue. Dec 24th, 2024

വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെയുണ്ടാക്കി, രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍; ആനി രാജ

ByPathmanaban

Jun 5, 2024

കല്പറ്റ: രാജ്യം കൈയടക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റുകളെ പിടിച്ചുകെട്ടാന്‍ കെല്പുള്ള പ്രതിപക്ഷത്തെ നല്‍കിയ തിരഞ്ഞെടുപ്പാണ് നടനന്നതെന്ന് വയനാട് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന ആനി രാജ. ഒരു മണ്ഡലത്തില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എങ്ങനെ മുന്നേറ്റമുണ്ടാക്കി എന്നത് പരിശോധിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി അത് പരിശോധിക്കുമെന്നു കരുതുന്നു. കല്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.

യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയെ അഭിനന്ദിക്കുന്നു. കഴിഞ്ഞതവണത്തെ ഭൂരിപക്ഷം എത്തിയില്ലെങ്കിലും ആ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. രാജ്യത്താകമാനം ഇന്ത്യമുന്നണിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. വര്‍ഗീയ ഫാസിസത്തിന്റെ അപകടം മനസ്സിലാക്കി രാജ്യത്തെ ജനം ഇന്ത്യമുന്നണിക്ക് അനുകൂലമായി പല സംസ്ഥാനങ്ങളിലും വോട്ടുചെയ്‌തെന്നത് ആശ്വാസമുളവാക്കുന്ന കാര്യമാണ്.

വയനാട് മണ്ഡലത്തെ സംബന്ധിച്ച് സ്ഥാനാര്‍ഥിയാക്കിയ പാര്‍ട്ടിയോടും പാര്‍ട്ടി തീരുമാനം അംഗീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണിയോടും നന്ദിയുണ്ട് -ആനി രാജ പറഞ്ഞു. സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം വിജയന്‍ ചെറുകര, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി. വസന്തം, കല്പറ്റ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.കെ. തോമസ് എന്നിവരും ആനി രാജയ്‌ക്കൊപ്പമുണ്ടായിരുന്നു.

Spread the love

You cannot copy content of this page