• Tue. Dec 24th, 2024

ചിരി മായാതെ മടങ്ങൂ ടീച്ചര്‍, മരിച്ചതും തോറ്റതുമായ മനുഷ്യരെ ചേര്‍ത്തു പിടിച്ച നാടാണിത്: കെ കെ രമ

ByPathmanaban

Jun 4, 2024

വടകര: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിനിടെ ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കെ കെ ശൈലജയെ പരാമര്‍ശിച്ചുകൊണ്ടാണ് രമയുടെ പോസ്റ്റ്. ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്ന് ശൈലജയോട് കെ കെ രമ പറയുന്നു.

‘മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ?? മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്.

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേര്‍ത്തു പിടിച്ച് യാത്രയാക്കുകയാണ്. രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഈ നാട് ബാക്കിയുണ്ട്. സ്വന്തം, കെ കെ രമ’- രമ പോസ്റ്റില്‍ കുറിച്ചു.രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകരപ്പോരില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

Spread the love

You cannot copy content of this page