• Tue. Dec 24th, 2024

രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

ByPathmanaban

Jun 3, 2024

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രസാദം കഴിച്ച നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉദയ്പൂരിലാണ് സംഭവം. ഏകാദശി വ്രതം അനുഷ്ഠിച്ചവര്‍ക്ക് നല്‍കാനായി ഉണ്ടാക്കിയ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എല്ലാവരും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസാദം കഴിച്ചതിന് ശേഷം നിരവധി ആളുകള്‍ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമൂഹ പരിപാടിയിലെ വഴിപാടായാണ് ‘ഖിച്ഡി’ വിഭവം തയ്യാറാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇത് കഴിച്ചതിന് ശേഷം ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരമായതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇതോടെ ജില്ലാ മെഡിക്കല്‍ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി. ഭക്ഷ്യവിഷബാധയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ക്കായി സംഘടിപ്പിച്ചിരുന്ന പരിപാടിയില്‍ 1500 ഓളം പേരാണ് പങ്കെടുത്തത്.

Spread the love

You cannot copy content of this page