• Tue. Dec 24th, 2024

പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണില്ല; ഇന്ത്യാസഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ

ByPathmanaban

Jun 3, 2024

ഡൽഹി: പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണു കമ്മിഷൻ. പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.

എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെയാണു വോട്ടെണ്ണൽ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അപമാനിക്കാൻ ഇന്ത്യാ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും തൊട്ടുപിന്നാലെ കമ്മിഷനിലെത്തി. 295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവർത്തിക്കുന്നതിനിടെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിൻറെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടത്.

ഫോം 17 സിയിൽ ബൂത്ത് തിരിച്ചുള്ള വോട്ടിങ് കണക്കുകൾ ലഭ്യമാക്കണമെന്നും കമ്മിഷനോട് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടു. ഫലം അട്ടിമറിക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരെ നേരിട്ടുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭീഷണിപ്പെടുത്തുകയാണെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നു കമ്മിഷൻ വിശദാംശങ്ങൾ തേടി.

Spread the love

You cannot copy content of this page