• Tue. Dec 24th, 2024

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍; വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ByPathmanaban

Jun 3, 2024

ദില്ലി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ദില്ലിയിൽ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാധ്യമങ്ങളെ കാണും. വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും കമ്മീഷനിലെത്തി.

വോട്ടെണ്ണലിന് ഇന്ത്യ സഖ്യം ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കെയാണ് വാർത്താ സമ്മേളനമെന്നുള്ളതാണ് ശ്രദ്ധേയം. എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടെണ്ണലിനെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകിയിട്ടുണ്ട്. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32. എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ദേശീയ ശരാശരി ഇങ്ങനെയാണ്. 295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെ വന്ന പ്രവചനം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആരോപണം.

ഈ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാവശ്യപ്പെട്ടു. ഫോം 17 സിയില്‍ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് കണക്കുകള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

Spread the love

You cannot copy content of this page