• Tue. Dec 24th, 2024

സമസ്തക്ക് സ്വന്തം നയമുണ്ട്, ആരും പഠിപ്പിക്കാന്‍ വരേണ്ട: ജിഫ്രി തങ്ങള്‍

ByPathmanaban

Jun 1, 2024

വയനാട്: സമസ്തയുടെ നയംമാറ്റത്തെ കുറിച്ചുള്ള ആരോപണങ്ങളോട് പ്രതികരിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ നയത്തില്‍ ഒരു മാറ്റവുമുണ്ടാവില്ലെന്നും സമസ്തക്ക് സ്വന്തം നയമുണ്ടെന്നും അത് പാരമ്പര്യമായി പിന്തുടര്‍ന്നുവരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നയം മാറ്റാനോ പുതിയ നയം പഠിപ്പിക്കാനോ ആരും വരേണ്ടെന്നും വയനാട് ജില്ലാ സദര്‍ മുഅല്ലിം സംഗമത്തില്‍ സംസാരിച്ച് അദ്ദേഹം പറഞ്ഞു.

സമസ്ത മഹാന്‍മാര്‍ സ്ഥാപിച്ച പ്രസ്ഥാനമാണ്. അതിന് പോറലേല്‍പ്പിക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. പരലോകത്തേക്കുള്ള പാലമാണ് സമസ്ത. ഭൗതികമായ ലക്ഷ്യങ്ങള്‍ സമസ്തക്കില്ല. സമസ്തയുടെ നൂറാം വാര്‍ഷികം ചരിത്രസംഭവമാക്കണം. കേരളത്തില്‍ സമസ്തക്ക് സമ്മേളനം നടത്താന്‍ പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ പറ്റിയിട്ടില്ല. ഇപ്പോഴും അത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സുപ്രഭാതം പത്രം എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചത് വലിയ വിവാദമായിരുന്നു. സുപ്രഭാതം പത്രത്തിന് നയംമാറ്റം വന്നതായി സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ആരോപിച്ചിരുന്നു. ഗള്‍ഫ് സുപ്രഭാതത്തിന്റെ ഉദ്ഘാടനത്തില്‍നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. സമസ്ത സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും അത് സമസ്തയുടെ പാരമ്പര്യ നയത്തിന് എതിരാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജിഫ്രി തങ്ങള്‍ പ്രതികരിച്ചത്.

Spread the love

You cannot copy content of this page