• Mon. Dec 23rd, 2024

മഹാത്മാ ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശം; പ്രധാനമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംവിധായകന്‍

ByPathmanaban

May 31, 2024

ഡല്‍ഹി: മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്കെതിരെ പൊലീസില്‍ പരാതി നല്‍കി സംവിധായകന്‍. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മനാണ് ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മോദിയുടെ പരാമര്‍ശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. 1982 ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

”വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വര്‍ഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും നെല്‍സണ്‍ മണ്ഡേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല. അവരോളം മഹാനായിരുന്നു ഗാന്ധിയും. ലോകം മുഴുവന്‍ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഇക്കാര്യം പറയുന്നത്” -മോദി പറഞ്ഞു.

മോദിയുടെ പ്രസ്താവനക്കെതിര കോണ്‍ഗ്രസ് രംഗത്തെത്തി. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് പഠിച്ച ആള്‍ക്കാണ് ഗാന്ധിയെ അറിയാന്‍ സിനിമ കാണേണ്ടി വരുന്നതെന്ന് രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു.

Spread the love

You cannot copy content of this page