ലക്നൗ: സുഹൃത്തുകകൾ നൽകിയ മദ്യം കുടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ വീടിന്റെ ടെറസിൽ നിന്നും തള്ളിയിട്ടു. ലക്നൗവിലെ രൂപൂർ ഖദ്ര സ്വദേശിയായ രൺജീത്ത് സിംഗ് എന്നയാൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രൺജീത്തിന്റെ സുഹൃത്തുക്കളിലൊരാൾ ഇയാളെ ടെറസിൽ നിന്നും ബലം പ്രയോഗിച്ച് താഴേക്ക് തള്ളിയിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ താഴെ നിന്നിരുന്ന ബാക്കി മൂന്ന് സുഹൃത്തുക്കൾ ചേർന്ന് താഴെ കിടന്നിരുന്ന ഇയാളെ ചവിട്ടുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവം കണ്ട പ്രദേശവാസികൾ ചേർന്ന് രൺജീത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാല് പ്രതികളിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.