കൊച്ചി: കൊച്ചിയില്‍ കനത്ത മഴ. രാവിലെ ആരംഭിച്ച ശക്തമായ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. ആലുവ-ഇടപ്പള്ളി റോഡിലും സഹോദരന്‍ അയ്യപ്പന്‍ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. വൈറ്റില, കളമശ്ശേരി, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണു. ആര്‍ക്കും പരിക്കില്ല.
സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.