കൊച്ചി ; ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത് ഡിവൈഎസ്പി. പരിശോധനക്കെത്തിയ എസ് ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്നു പോലീസുകാരും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. അടുത്തമാസം സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് ഡി വൈ എസ് പിക്ക് കുപ്രസിദ്ധ ഗുണ്ട വിരുന്നൊരുക്കിയതെന്നാണ് അറിയുന്നത്.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഏറെ നാളായി ഫൈസലിന്റെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. പരിശോധനക്കെത്തിയ എസ്ഐയെ ഭീഷണിപ്പെടുത്തിയാണ് ഗുണ്ടയുടെ വീട്ടില്‍ നിന്ന് ഡിവൈഎസ്പി രക്ഷപ്പെട്ടത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തമ്മനം ഫൈസല്‍ ഡിജിപിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകളെ അടിച്ചമര്‍ത്തുന്നതിനുള്ള നടപടികള്‍ നടന്നുവരവെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന് തന്നെ ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പങ്കെടുത്തത്.