• Tue. Dec 24th, 2024

തട്ടിപ്പുകേസിൽ ഓര്‍ത്തഡോക്‌സ് മെത്രാൻ പ്രതിയായി; എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒന്നരകോടി തട്ടിയ കേസിൽ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മൂന്നാംപ്രതി

ByPathmanaban

May 27, 2024

കൊച്ചി: മെഡിക്കൽ പ്രവേശനത്തിൻ്റെ പേരിൽ ഒന്നരകോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി സിറ്റി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ഓര്‍ത്തഡോക്‌സ് സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ പക്കോമിയോസ്. മവേലിക്കര സ്വദേശിയും ഇപ്പോള്‍ കൊച്ചി തൃപ്പൂണ്ണിത്തറയില്‍ താമസക്കാരനുമായ കോശി വര്‍ഗീസാണ് പരാതിക്കാരൻ. ഒന്നാം പ്രതിയെ അറസ്റ്റുചെയ്തു. ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും ബിഷപ് അടക്കം രണ്ടുപ്രതികൾ ഹാജരായിട്ടില്ലെന്ന് കൊച്ചി ഹില്‍പാലസ് എസ്എച്ച്ഒ പി.എച്ച്.സമീഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

തൻ്റെ മകൾക്ക് എംബിബിഎസ് സീറ്റിനായാണ് കോശി വർഗീസ് പണം നൽകിയത്. വെല്ലൂരിലോ തിരുവല്ല പുഷ്പഗിരിയിലോ സീറ്റ് സംഘടിപ്പിച്ച് നല്‍കാം എന്നായിരുന്നു വാഗ്ദാനം. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലത്താണ് ഒന്നാംപ്രതി ജോണ്‍സണ്‍ വര്‍ഗീസിന് പണം നല്‍കിയത്. എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ മാവേലിക്കര ബ്രാഞ്ചിൽ കോശി തോമസിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് തുക കൈമാറിയത്. ബിഷപ്പിന്റെ അടുപ്പക്കാരനാണ് ജോണ്‍സണ്‍ വര്‍ഗീസ്. ഇയാളുടെ ഭാര്യ അക്കംസ് ജോണ്‍സണ്‍ ആണ് രണ്ടാം പ്രതി. ബിഷപ്പിന്റെ ഉറപ്പിലാണ് പണം നല്‍കിയത് എന്നാണ് കോശി വർഗീസിൻ്റെ പരാതി.

ഐപിസി 406, 420, 34 എന്നീ വകുപ്പുകള്‍ പ്രകാരം വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എംബിബിഎസ് സീറ്റിനും, നല്‍കിയ പണത്തിനും ബിഷപ്പ് അടക്കമുളളവരെ പലതവണ ബന്ധപ്പെട്ടിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത് എന്നാണ് പരാതിക്കാരൻ്റെ പക്ഷം. ഒന്നാം പ്രതിയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ഇയാള്‍ ജാമ്യത്തിലാണ്. ബിഷപ്പ് അടക്കമുളള മറ്റ് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാനായിട്ടില്ല.

പരാതിക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒന്നും പറയാനില്ല എന്നായിരുന്നു കോശി വർഗീസിൻ്റെ പ്രതികരണം. പണം തിരികെ നൽകി കേസൊഴിവാക്കാൻ നീക്കം നടക്കുന്നതായാണ് സൂചന. മെഡിക്കൽ പ്രവേശനം നടത്തി പരിചയമുള്ളവരെന്ന നിലക്ക് തനിക്കറിയാവുന്ന രണ്ടുപേരെ പരിചയപ്പെടുത്തി കൊടുത്തു എന്നല്ലാതെ മറ്റൊന്നും തനിക്കറിയില്ല എന്നാണ് ഗീവര്‍ഗീസ് മാര്‍ പക്കോമിയോസിൻ്റെ വിശദീകരണം. ഒരുവിധത്തിലുള്ള സാമ്പത്തിക ഇടപാടും ഇവരാരുമായും തനിക്കില്ലെന്നും ബിഷപ് പറയുന്നു.

Spread the love

You cannot copy content of this page