• Tue. Dec 24th, 2024

റെമാൽ ചുഴലിക്കാറ്റ് പശ്ചിമബംഗാളിൽ കരതൊട്ടു; ഒരു ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ

ByPathmanaban

May 27, 2024

കൊല്‍ക്കത്ത: റെമാല്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ കരതൊട്ടു. ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചു. ബംഗാളിലെ തീര പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ബംഗാളില്‍ പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. അസമിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസമിലെ ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 9 വരെ സര്‍വീസ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം.

നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ്, കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓട് മേഞ്ഞ വീടുകളുടെ മേല്‍ക്കൂര പറന്നുപോയതായും, വൈദ്യുത തൂണുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. കൊല്‍ക്കത്തയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി. തീരദേശ റിസോര്‍ട്ട് പട്ടണമായ ദിഘയിലെ കടല്‍ഭിത്തിയില്‍ ഭീമാകാരമായ തിരമാലകള്‍ ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ ബിബിര്‍ ബഗാന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു.

ചുഴലിക്കാറ്റ് തീരംതൊടുന്നതിന് മുന്നോടിയായി തീരപ്രദേശങ്ങളില്‍ നിന്നും അപകട സാധ്യത കൂടിയ മേഖലകളില്‍ നിന്നും ഏകദേശം 1.10 ലക്ഷം ആളുകളെ സ്‌കൂളുകളിലും കോളേജുകളിലും ഒരുക്കിയിരിക്കുന്ന ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള ആളുകളെ, പ്രത്യേകിച്ച് സാഗര്‍ ദ്വീപ്, സുന്ദര്‍ബന്‍സ്, കാക്ദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് അടിയന്തര യോഗം വിളിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. വീടുകളില്‍ സുരക്ഷിതമായിരിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ ചുഴലിക്കാറ്റും കടന്നുപോകും, സര്‍ക്കാര്‍ കൂടെയുണ്ടെന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.

Spread the love

You cannot copy content of this page