• Tue. Dec 24th, 2024

അമ്മയെ നയിക്കാൻ ഇനി ഇടവേള ബാബുവില്ല, സ്ഥാനം ഒഴിയുന്നു; മോഹൻലാലും മാറുമെന്ന് സൂചന

ByPathmanaban

May 24, 2024

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനം ഒഴിയാനൊരുങ്ങി നടൻ ഇടവേള ബാബു. നിരവധി കമ്മിറ്റികൾ ഉണ്ടെങ്കിലും സംഘടനാഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടി വരുന്നത് മൂലമാണ് അദ്ദേഹം സ്ഥാനത്ത് നിന്ന് ഒഴിയുന്നത് എന്നാണ് സൂചന. കാൽനൂറ്റാണ്ടായി വിവിധ സ്ഥാനങ്ങളിലായി അമ്മയെ നയിച്ച ഇടവേള ബാബു നിലവിൽ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. നടൻ മോഹൻലാലും പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ വലിയ സ്ഥാനമാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണയും ഇടവേള ബാബു സ്ഥാനമൊഴിയാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം തീരുമാനം മാറ്റുകയായിരുന്നു. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സംഘടനയെ നയിച്ചതിന് ഇടവേള ബാബുവിനെ പൊതുയോഗത്തിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ആദരിച്ചിരുന്നു.

അതേസമയം ജൂൺ 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ചാണ് അമ്മയുടെ പൊതുയോഗം നടക്കുക. 506 അംഗങ്ങൾക്കാണ് സംഘടനയില്‍ വോട്ടവകാശമുള്ളത്. ജൂൺ മൂന്നുമുതൽ പത്രികകൾ സ്വീകരിക്കും.

Spread the love

You cannot copy content of this page