തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ജിഎസ്ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്ന് കണ്ടെത്തല്‍. ആക്രി മേഖല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഇതുവഴി സര്‍ക്കാരിന് 180 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഏഴു ജില്ലകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജിഎസ്ടി വകുപ്പിലെ മുന്നൂറോളം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
ആക്രി വ്യാപാരവുമായി ബന്ധമില്ലാത്തവരുടെ പേരിലാണ് ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുത്തിരിക്കുന്നത്.പരിശോധനയില്‍ വ്യാജബില്ലുകള്‍ കണ്ടെത്തി. വ്യാജ റജിസ്‌ട്രേഷന്‍ എടുക്കുകയും വ്യാജബില്ലുകള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുകയും ചെയ്തവരെ ജിഎസ്ടി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്തുന്നത്. തട്ടിപ്പു നടത്തിയവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇതിന്റെ വ്യാപ്തി അറിയാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്തു നടന്ന ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പുകളിലൊന്നാണു പുറത്തുവരുന്നതെന്നാണു റിപ്പോര്‍ട്ട്