• Tue. Dec 24th, 2024

പത്മജ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലം വന്നശേഷം

ByPathmanaban

May 23, 2024

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് വിട്ട് പത്മജ ബിജെപിയില്‍ ചേരുന്നത്. ഛത്തീസ്ഗഡ് ഗവര്‍ണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളില്‍ നിന്നും കേട്ടുവെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പ്രതികരിച്ചു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് ചെയ്യുമെന്ന് ഉറപ്പുണ്ട്.

പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പത്മജ പറഞ്ഞു. ബിശ്വഭൂഷണ്‍ ഹരിചന്ദനാണ് നിലവില്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പാണ് പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപി ക്യാമ്പിലെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകള്‍ പാര്‍ട്ടി വിട്ടു ബിജെപി യിലെത്തിയത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ബിജെപി യുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞിരുന്നുവെങ്കിലും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി പത്മജ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സ്ഥാനങ്ങളും സീറ്റും മോഹിച്ചല്ല, കോണ്‍ഗ്രസില്‍ നിന്നുള്ള അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണം എന്ന് പത്മജ വ്യക്തമാക്കിയിരുന്നു.

Spread the love

You cannot copy content of this page