• Tue. Dec 24th, 2024

പിതാവിന്റെ ഓട്ടോറിക്ഷ ഓടിക്കാനെത്തി യുവതിയുമായി അടുത്തു, എട്ട് മാസമായി താമസം ഒരുമിച്ച്, ക്രൂരമര്‍ദ്ദനം പതിവ്; മായാ മുരളിയുടെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റില്‍

ByPathmanaban

May 22, 2024

കാട്ടാക്കട : മായാ മുരളി വധക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. പേരൂർക്കട ഹാർവിപുരം ഭാവനാനിലയത്തിൽ മായാ മുരളിയെ (39) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ ഡ്രൈവർ കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്ത് (31) അറസ്റ്റിലായത്. മായയുടെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ പോലീസിന് പിടികൂടാനായത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പത്ത് നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മുതിയാവിള കാവുവിളയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനടുത്തെ റബ്ബർ തോട്ടത്തിൽ മേയ് 9-ന് രാവിലെയാണ് മായാ മുരളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്നുമുതൽ രഞ്ജിത്ത് ഒളിവിലായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും, മൊബൈൽ ഫോണും ഉപേക്ഷിച്ച ശേഷം കുടപ്പനക്കുന്ന്, മെഡിക്കൽ കോളേജ്, പേരൂർക്കട, നെയ്യാറ്റിൻകര തുടങ്ങി പലയിടത്തും കറങ്ങിനടക്കുന്ന രഞ്ജിത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.

ഇയാൾ ജില്ലവിട്ട് പോയിട്ടില്ലെന്നും ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് പറഞ്ഞിരുന്നത്. യുവതി കൊല്ലപ്പെട്ട് രണ്ടാഴ്ചയോളമായിട്ടും ഇയാളെ പിടികൂടാത്തതിൽ വിവിധയിടങ്ങളിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കമ്പം തേനി പ്രദേശത്തെ ഒളിയിടത്തിൽ നിന്നുമാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

ഒരു വർഷം മുമ്പാണ് മായാ മുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനായി കുട്ടപ്പായി എന്ന രഞ്ജിത്ത് എത്തുന്നത്.
തുടർന്ന് ഭർത്താവ് മരിച്ച മായയുമായി ഇയാൾ പരിചയത്തിലാകുകയും എട്ട് മാസങ്ങൾക്ക് മുമ്പ് ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു. അന്നുമുതൽ ഇയാൾ മായയെ ക്രൂരമായി മർദിക്കുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഒരുമിച്ച് പലയിടങ്ങളിൽ താമസിച്ചശേഷം രണ്ട് മാസം മുമ്പാണ് കാട്ടാക്കട മുതിയാവിളയിൽ വാടക വീട്ടിലെത്തുന്നത്. കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ കാട്ടാക്കടയെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശേഷം കോടതിയിൽ ഹാജരാക്കും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന് പോലീസ് പറഞ്ഞു.

Spread the love

You cannot copy content of this page