ആംസ്റ്റർഡാം: കടുത്ത ഡിപ്രഷൻ നേരിടുന്ന യുവതിക്ക് ദയാവധത്തിന് നെതർലൻഡ്സ് സർക്കാർ അനുമതി നൽകി. സൊറയ ടർ ബീക്ക് എന്ന 29കാരിക്കാണ് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകിയത്. ദയാവധത്തിനുള്ള തന്റെ അപേക്ഷ സർക്കാർ അനുവദിച്ച കാര്യം ഇവർ തന്നെയാണ് പുറത്തറിയിച്ചത്. കടുത്ത വിഷാദ രോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമുള്ള വ്യക്തിയാണ് ഇവർ. അതേസമയം, ദയാവധത്തിന് അനുമതി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നുകഴിഞ്ഞു.
2002 മുതൽ ദയാവധത്തിന് നിയമസാധുതയുള്ള രാജ്യമാണ് നെതർലൻഡ്സ്. മൂന്നര വർഷമായി സൊറയ ടർ ബീക്ക് തനിക്ക് ദയാവധം ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങൾ മൂലം സൊറയ വിഷാദരോഗത്തിനും ആത്മഹത്യാ ചിന്തകൾക്കും അടിമപ്പെടുകയായിരുന്നു. മനോരോഗ വിദഗ്ധർ ഇവർക്ക് വിട്ടുമാറാത്ത വിഷാദം, ഉത്കണ്ഠ, ബോർഡർലൈൻ വ്യക്തിത്വ വൈകല്യം, ഓട്ടിസം ഇവയെല്ലാം സ്ഥിരീകരിച്ചിരുന്നു. വിവാഹത്തിലൂടെ തനിക്ക് പുതിയൊരു ജീവിതം ലഭിക്കുമെന്ന് വിശ്വസിച്ച സൊറയ്ക്ക് തുടർന്നും മാനസികാരോഗ്യം വീണ്ടെടുക്കാനായില്ല.
വിഷാദവും ഉത്കണ്ഠയും കാരണം സ്വയം ഉപദ്രവിക്കുന്നതിന് വർഷങ്ങളോളം ചികിത്സ തേടിയെന്ന് സൊറയ പറയുന്നു. ആത്മഹത്യ പ്രേരണയും വർഷങ്ങളായി അനുഭവിക്കുന്നു. നാളിതുവരെ ഒരു ചികിത്സയും മരുന്നുകളും ഇലക്ട്രോകൺവൾസീവ് തെറാപ്പി പോലും തന്റെ കഷ്ടത കുറയ്ക്കാൻ സഹായിച്ചിട്ടില്ല. നന്നായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും കുറ്റബോധമില്ലെന്നും സൊറയ പറയുന്നു. ഒരു കുടുംബവും പങ്കാളിയും ഉണ്ടെന്ന കാര്യം മാത്രമാണ് കുറ്റബോധമുണ്ടാക്കുന്നതെന്നും ഇവർ പറഞ്ഞു.
മെയ് അവസാനത്തോടെയാണ് സൊറയയുടെ ദയാവധമുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ കുത്തിവച്ച് വേദനരഹിതമായി ജീവനെടുക്കുന്ന പ്രക്രിയയാണ് ദയാവധം. 2022ൽ 8,720 പേരാണ് നെതർലൻഡ്സിൽ ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിച്ചത്.