ആലപ്പുഴ; അപൂര്‍വ്വ ഒത്തുചേരലിന് സാക്ഷിയായി ആലപ്പുഴ കുടുംബ കോടതി. വിവാഹമോചനം നേടി 14 വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ ഒന്നിച്ചത്. മകള്‍ അഹല്യയും ഈ മുഹൂര്‍ത്തത്തില്‍ ഒപ്പം ചേര്‍ന്നു. ആലപ്പുഴ കളര്‍കോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റുമായിരുന്ന സുബ്രഹ്‌മണ്യനും (58) കുതിരപ്പന്തി രാധാ നിവാസില്‍ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബജീവിതത്തിലേക്കു പ്രവേശിച്ചത്.
2006 ആഗസ്റ്റ് 31-നായിരുന്നു ഇരുവരുടെയും വിവാഹം. 2008 ല്‍ മകള്‍ ജനിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം മാര്‍ച്ച് 29-നു ആലപ്പുഴ കുടുംബ കോടതിയില്‍ വച്ച് ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ മാസം മകള്‍ക്ക് ജീവനാശം ആവശ്യപ്പെട്ട് കൃഷ്ണകുമാരി കുടുംബ കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കുടുംബ കോടതി ജഡ്ജി വിദ്യാധരന്റെ ഒറ്റ ചോദ്യം ഇവരെ വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു. ഇരുവരോടും വീണ്ടും ഒരുമിച്ചു ജീവിച്ചു കൂടെ എന്നായുരുന്നു ജഡ്ജിയുടെ ചോദ്യം. ഇതോടെ അഭിഭാഷകര്‍ കൂടി മുന്‍കൈയ്യെടുത്തു ചര്‍ച്ചകള്‍ നടത്തി. വേര്‍പിരിച്ച അതേ സ്ഥലത്ത് വച്ച് സുബ്രഹ്‌മണ്യനും കൃഷ്ണകുമാരിയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.