• Mon. Dec 23rd, 2024

എറണാകുളം ജില്ലയിലെ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

ByPathmanaban

May 18, 2024

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. രോഗം പടരാനുള്ള കാരണം കണ്ടെത്തി രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വേങ്ങൂരില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 200 ആയതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് ആണ് കേരളത്തില്‍ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ഓരോ പ്രദേശത്തും ആരോഗ്യവകുപ്പ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കണക്കുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

വേങ്ങൂര്‍ പഞ്ചായത്തിലെ 8,9,10,11,12 വാര്‍ഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകായി പടര്‍ന്നുപിടിച്ചത്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്ത വെള്ളത്തില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നാണ് നിഗമനം. ഇപ്പോള്‍ 208 രോഗബാധിതരുണ്ട്. പലരും നിര്‍ധന കുടുംബത്തില്‍ പെട്ടവരാണ്. ഇവരുടെ ചികിത്സാ ചെലവിന് പണം കണ്ടെത്തുന്നതിനായി ഇന്ന് വേങ്ങൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിവ് ആരംഭിക്കും.

Spread the love

You cannot copy content of this page