• Tue. Dec 24th, 2024

കെജ്രിവാളിന്റെ അറസ്റ്റില്‍ ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം; മന്ത്രി അതിഷിയടക്കം അറസ്റ്റില്‍

ByPathmanaban

Mar 22, 2024

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മോദിക്കും ബിജെപി സര്‍ക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകരെ പോലീസ് നേരിട്ടത് സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളില്‍ കയറ്റിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പോലീസ് നേരത്തേതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മുന്നണിയുടെ പ്രമുഖ നേതാവിനെ ഇ.ഡി അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസവും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനിടെ, അറസ്റ്റിനെതിരേ കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കും.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍, രാജിവെക്കില്ലെന്നും ജയിലില്‍കിടന്ന് ഭരണം നടത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എ.എ.പി പ്രതികരിച്ചത്. ഇതോടെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്. ജയിലില്‍ കിടന്ന് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അനുവദിക്കാന്‍ പാടില്ലെന്നുമാണ് ബിജെപിയുടെ ആവശ്യം.

Spread the love

You cannot copy content of this page