• Tue. Dec 24th, 2024

‘മോദി പറഞ്ഞതെല്ലാം നുണയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്ന് മാത്രമല്ല, അവരുടെ ജീവതം തന്നെ തകര്‍ന്നു. 140 കോടി ഇന്ത്യക്കാർ ബി.ജെ.പിക്ക് 140 സീറ്റ് പോലും നല്‍കില്ലെന്ന് അഖിലേഷ് യാദവ്

ByPathmanaban

May 17, 2024

ലഖ്നൗ: ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ ബി.ജെ.പിക്ക് 140 സീറ്റ് പോലും നല്‍കില്ലെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി പറഞ്ഞതെല്ലാം നുണയാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയായില്ലെന്ന് മാത്രമല്ല, അവരുടെ ജീവതം തന്നെ തകര്‍ന്നു. ആര്‍ക്കും ജോലിയില്ല. നിരവധി ജോലിയാണ് യു.പിയില്‍ മാത്രം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്’ അഖിലേഷ് യാദവ് പറഞ്ഞു.

‘നമ്മുടെ രാഷ്ട്രം കടക്കെണിയിലാണ്. നികത്താനാവാത്ത സാമ്പത്തിക ബാധ്യതയുണ്ട് ജനങ്ങള്‍ക്ക്. അതുകൊണ്ടാണ് അവര്‍ രോഷാകുലരായത്. വാസ്തവത്തില്‍, അവര്‍ വളരെ ദേഷ്യത്തിലാണ്. അതുകൊണ്ട് 140 കോടി ഇന്ത്യക്കാര്‍ 140 സീറ്റ് പോലും ബി.ജെ.പിക്ക് നൽകില്ലെന്ന് ഉറപ്പാണ്,’ യാദവ് കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിശദീകരിച്ച് ഭരണഘടന സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും അത് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും തുടങ്ങി രണ്ട് തരം ആളുകള്‍ രാഷ്ട്രീയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ബി.ജെ.പി അവരുടെ നേട്ടത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും ബഹുജന്‍ സമാജിലെ ആളുകള്‍ അവരുടെ വോട്ട് പാഴാക്കരുതെന്നും പറഞ്ഞു. ഇന്ത്യാ സഖ്യത്തിന് കരുത്ത് പകരാനും ഭരണഘടന സംരക്ഷിക്കാനുമായിരിക്കണം ആളുകളുടെ വോട്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ആളുകള്‍ക്ക് കൂടുതല്‍ റേഷന്‍ നൽകുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആനുകൂല്യങ്ങളും കിട്ടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കര്‍ഷകരുടെ കടം എഴുതിതള്ളുകയും എല്ലാ അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഒരു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

You cannot copy content of this page