• Thu. Jan 9th, 2025

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ByPathmanaban

May 17, 2024

കോഴിക്കോട്: നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. വിദേശത്തേക്ക് കടന്ന രാഹുലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയം. രാഹുലിന്റെ വീട്ടില്‍ പൊലീസ് എത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. അതെ സമയം രാഹുലിന്റെ അമ്മയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷന്‍ അസി കമ്മിഷണര്‍ക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി. പെണ്‍കുട്ടിയുടെ വീട്ടുകാരോട് രാഹുല്‍ ജര്‍മനിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞതു കളവാണോയെന്ന് പൊലീസ് സംശയിക്കുന്നു. വിദേശ ഏജന്‍സികളുടെ സഹായത്തോടെ വിവരങ്ങള്‍ അന്വേഷിക്കാനാണ് പദ്ധതി. ഇന്റര്‍പോളിന്റെ സഹായവും തേടുന്നുണ്ട്. പെണ്‍കുട്ടിയെ വിവാഹം കഴിഞ്ഞു ജര്‍മനിയിലേക്ക് കൊണ്ടുപോകുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകള്‍ കളവാണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്.

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടന്‍ ഛര്‍ദിച്ചതായും വധു പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു.

Spread the love

You cannot copy content of this page