• Tue. Dec 24th, 2024

രാജ്യത്തെ എല്ലായിടത്തും ബിജെപി സര്‍ക്കാരിനെതിരെയാണ് ജനവികാരം. ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

ByPathmanaban

May 16, 2024

ഡല്‍ഹി:രാജ്യതലസ്ഥാനത്തെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ്. മാറ്റത്തിന്റെ കാറ്റാണ് ഡല്‍ഹിയില്‍ വീശുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും ബിജെപിയുടെ പ്രതിനിധികളെ ജനങ്ങള്‍ക്ക് മടുത്തുവെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്തവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ വളരെ ആലോചിച്ചിട്ടാണ് പാര്‍ട്ടി കനയ്യയെ സ്ഥാനാര്‍ത്ഥിയാക്കിയത്. കനയ്യ എന്തായാലും വിജയിക്കും. അതുമാത്രമല്ല മറ്റ് 6 മണ്ഡലങ്ങളിലും ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. രാജ്യത്തെ എല്ലായിടത്തും ബിജെപി സര്‍ക്കാരിനെതിരെയാണ് ജനവികാരം. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനവിധിയായിരിക്കും ഇത്തവണ ഉണ്ടാവുക’-ഇതായിരുന്നു പൈലറ്റിന്റെ പ്രതികരണം.

ഡല്‍ഹിയിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും കഴിഞ്ഞ തവണ വിജയിച്ചത് ബിജെപിയാണ്. ഇത്തവണ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിക്കുന്നത്. ആംആദ്മി പാര്‍ട്ടി നാല് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്ന് മണ്ഡലങ്ങളിലും ആണ് മത്സരിക്കുന്നത്.

Spread the love

You cannot copy content of this page