• Tue. Dec 24th, 2024

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

ByPathmanaban

May 16, 2024

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. രാജേഷിന്റെ മരണത്തില്‍ നഷ്ടപരിഹാരം വേണമെന്നതാണ് ബന്ധുക്കളുടെ ആവശ്യം.

ജീവനോടെ കാണാനാഗ്രഹിച്ച കുടുംബത്തിന് മുന്നിലേക്ക് ചേതനയറ്റ രാജേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്നാണ് കുടുംബത്തിന് രാജേഷിനെ കാണാന്‍ സാധിക്കാതിരുന്നത്. മെയ് ഏഴിനാണ് രാജേഷ് കുഴഞ്ഞുവീണത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ ഭാര്യ അമൃത രണ്ട് തവണ ഒമാനിലേക്ക് പോകാന്‍ ടിക്കറ്റെടുത്തിരുന്നെങ്കിലും സമരം കാരണം യാത്ര മുടങ്ങി. മെയ് 13ന് രാജേഷ് ഒമാനില്‍ വച്ച് മരിച്ചു. കരമന സ്വദേശിയായ രാജേഷിന്റെ മൃതദേഹം 12 മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛന്‍ ഓഫീസിനകത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അധികൃതര്‍ മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്നും മൃതദേഹം കൊണ്ടുപോയാലും കുത്തിയിരിക്കുമെന്നും അമൃതയുടെ അച്ഛന്‍ വ്യക്തമാക്കി.

Spread the love

You cannot copy content of this page