• Tue. Dec 24th, 2024

സിനിമ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പരിചയപ്പെട്ടത് ഒരു മാസം മുൻപ്

ByPathmanaban

May 16, 2024

കൊല്ലം: കിളികൊല്ലൂർ കല്ലുംതാഴം റെയിൽവേ ഗേറ്റിനുസമീപം ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് മധുവിന്റെ മകൾ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.

ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപം പാൽക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടത്.

കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിൻ ഇടിച്ചായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിൻ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ പറയുന്നു.

കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞ വിദ്യാർഥിയാണ്. ഇരുവരും ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുൻപാണ് പരിചയപ്പെട്ടത്. 

സിനിമ കാണാൻ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടിൽനിന്ന്‌ ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടിൽനിന്ന്‌ ഇറങ്ങിയത്. വൈകുന്നേരവും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു.

Spread the love

You cannot copy content of this page