• Tue. Dec 24th, 2024

 പതഞ്ജലി പരസ്യ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രാംദേവിനെ സുപ്രീം കോടതി ഒഴിവാക്കി

ByPathmanaban

May 14, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ വിചാരണകളില്‍ നിന്ന് ബാബാ രാംദേവിനെയും പതഞ്ജലി ആയുര്‍വേദ് മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണനെയും ചൊവ്വാഴ്ച സുപ്രീം കോടതി ഒഴിവാക്കി. ബാബാ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ നോട്ടീസുകളുടെ വിധി സുപ്രീം കോടതി മാറ്റിവച്ചു.

ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ ബെഞ്ച് പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങളുടെ നിലവിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ തിരിച്ചുവിളിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പതഞ്ജലിയോട് കോടതി ആവശ്യപ്പെട്ടു.

‘ഞങ്ങള്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഉത്തരവുകള്‍ റിസര്‍വ് ചെയ്യുന്നു, ബാബാ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും സാന്നിദ്ധ്യം ഒഴിവാക്കുന്നു. പരസ്യങ്ങള്‍ തിരിച്ചുവിളിക്കുന്നതിനും അതത് സ്റ്റോറുകളില്‍ നിന്ന് നിരോധിത ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നതിനുമുള്ള നടപടികള്‍ വിശദീകരിക്കുന്ന വിശദമായ സത്യവാങ്മൂലം ഞങ്ങള്‍ക്ക് ആവശ്യമാണ്.’ സുപ്രീം കോടതി പറഞ്ഞു. അലോപ്പതിയും ആയുര്‍വേദവും തമ്മില്‍ യോജിപ്പുണ്ടാകണമെന്നും പൊതുജനങ്ങള്‍ക്ക് നല്ല അറിവുണ്ടാകണമെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

ബാബാ രാംദേവിന് വേണ്ടി ഹാജരായ അഭിഭാഷകനെ അഭിസംബോധന ചെയ്തുകൊണ്ട് ജസ്റ്റിസ് അമാനുല്ല പറഞ്ഞു, ‘നിങ്ങളുടെ കക്ഷിക്ക് രണ്ട് വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തിന് എയിംസില്‍ പോകേണ്ടിവന്നു. ബാബാ രാംദേവിന് ധാരാളം ആസ്തിയുണ്ട്, അത് നിസ്സാരമായി കാണേണ്ടതില്ല. അദ്ദേഹം അത് വിവേകത്തോടെ ഉപയോഗിക്കണം.’ ബാബ രാംദേവിനും ബാലകൃഷ്ണയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബല്‍ബീര്‍ സിംഗ്, ഓഫ്ലൈന്‍, ഓണ്‍ലൈന്‍ വിപണികളില്‍ നിന്നുള്ള നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പതഞ്ജലി നിര്‍ത്തിയതായി കോടതിയെ അറിയിച്ചു.

‘ഞങ്ങള്‍ക്ക് ചാനലുകള്‍ ഉള്‍പ്പെടെ 500 സ്ഥലങ്ങളില്‍ പരസ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് നിര്‍ത്താന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു. നിരോധിത ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.’ സിംഗ് പറഞ്ഞു. കൊവിഡ് വാക്സിനേഷന്‍ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീര്‍ത്തികരമായ പ്രചാരണം നടക്കുന്നതായി ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്

Spread the love

You cannot copy content of this page