തിരുവനന്തപുരം: ഒ.പിയില്‍ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറെ കുഴിനഖം ചികിത്സിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ നടപടിയുണ്ടാകില്ല. തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെയാണ് നടപടികള്‍ക്ക് സാധ്യതയില്ലാത്തത്. ഡോക്ടറും സര്‍വീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സംഭവത്തില്‍ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ചീഫ് സെക്രട്ടറി തേടിയ വിശദ റിപ്പോര്‍ട്ട് ഉടന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈമാറും. ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും ഡോക്ടര്‍ക്കെതിരെയുള്ള നടപടിയില്‍ തീരുമാനമെന്നാണ് വിവരം.
കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതില്‍ കലക്ടര്‍ക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കളക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒ.പിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതുമാണ്. സര്‍വീസ് ചട്ടത്തിലുള്ള ചികിത്സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐ.എ.എസ്. അസോസിയേഷന്റെ നിലപാട്. അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2) പ്രകാരം അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സ്ഥലത്തെത്തി ചികിത്സ നല്‍കണമെന്നാണെന്നും ചൂണ്ടിക്കാട്ടുന്നു.
രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടര്‍ കുറ്റക്കാരനാണെന്നും ഐ.എ.എസ്. അസോസിയേഷന് ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ തന്നെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് കിട്ടിയ ജെറോമിക് ജോര്‍ജിനെതിരെ ചികിത്സാ വിവാദത്തില്‍ നടപടിയെടുത്താല്‍ അതു സര്‍ക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടര്‍ക്കെതിരെയുള്ള നടപടി ഒഴിവാക്കുന്നത്.