മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോം ആയ മാക്‌സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതീന്ത്രീയമായ ശക്തികള്‍ ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ലോകത്തിന്റെ ഭാവിക്ക് അപായമുണ്ടാക്കുന്ന ശക്തികള്‍ക്ക് എതിരെ നില്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. തബു സീരിസില്‍ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല.
ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്‌സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്. 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. അതേസമയം സിരീസിന്റെ പ്രീമിയര്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് ആദ്യ സിരീസ്. ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.