• Tue. Dec 24th, 2024

വിവാദങ്ങളിൽ അപമാനിക്കപ്പെടുന്നത് കലാമണ്ഡലത്തിലെ അദ്ധ്യാപിക ആയിരുന്ന യഥാർത്ഥ കലാമണ്ഡലം സത്യഭാമ കൂടിയാണ് ; അവരും ഇവരും ഒന്നല്ലെന്ന് ശ്രീകുമാരൻ തമ്പി

ByPathmanaban

Mar 22, 2024

പ്രശസ്ത നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെ കുറിച്ച് അധിക്ഷേപ പരാമർശം നടത്തിയ നർത്തകി സത്യഭാമക്കെതിരെ രൂക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കലാമണ്ഡലം സത്യഭാമ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഈ സ്ത്രീ കാരണം അപമാനിക്കപ്പെടുന്നത് യഥാർത്ഥ കലാമണ്ഡലം സത്യഭാമ കൂടിയാണെന്ന് ശ്രീകുമാരൻ തമ്പി വ്യക്തമാക്കി. കലാമണ്ഡലത്തിൽ അദ്ധ്യാപികയായിരുന്ന പ്രശസ്ത നർത്തകിയാണ്  യഥാർത്ഥ കലാമണ്ഡലം സത്യഭാമ. എന്നാൽ ഇപ്പോൾ വിവാദങ്ങൾ ഉണ്ടാക്കിയ സ്ത്രീ ഒരിക്കൽ കാലാമണ്ഡലത്തിൽ പഠിച്ചിരുന്നു എന്ന കാരണത്താൽ സ്വന്തം പേരിനോടൊപ്പം കലാമണ്ഡലം ചേർത്ത് നടക്കുന്ന വ്യക്തി മാത്രമാണ്.

ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആയിരുന്നു ശ്രീകുമാരൻ തമ്പി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ പ്രശസ്തമായ ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്…’ അടക്കമുള്ള ചില ഗാനങ്ങൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ള വ്യക്തിയാണ് യഥാർത്ഥ കലാമണ്ഡലം സത്യഭാമ. പ്രശസ്ത കഥകളി ആചാര്യനായ കലാമണ്ഡലം പത്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്നു ആ മഹിളാരത്നം എന്നും ശ്രീകുമാരൻ തമ്പി അനുസ്മരിച്ചു.

ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്!!! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അധ്യാപികയുമായിരുന്ന മഹിളാരത്നമാണ്. ഞാൻ സംവിധാനം ചെയ്ത ‘ഗാനം”, ‘ബന്ധുക്കൾ ശത്രുക്കൾ’ എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവ്വഹിച്ചത് ആ മഹതിയാണ്. ‘അളിവേണി എന്തു ചെയ്‌വൂ’ , ‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ്’… തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ ‘ദയിതേ കേൾ നീ’ എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്.ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ.

Spread the love

You cannot copy content of this page