• Tue. Dec 24th, 2024

ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ; മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് എ കെ ബാലന്‍

ByPathmanaban

May 10, 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍. ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ കെ ബാലന്‍ ചോദിച്ചു.

‘മുന്‍പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ഇത്ര വിവാദം ഉണ്ടായില്ലല്ലോ? തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹം ഒന്നു വിശ്രമിക്കട്ടെ. ആറു ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ’, എ കെ ബാലന്‍ ചോദിച്ചു. നവ കേരള യാത്രക്കായി മുഖ്യമന്ത്രി കഠിന പ്രയത്നം ചെയ്തു. അദ്ദേഹത്തിന് വിശ്രമിക്കാന്‍ അവകാശം ഉണ്ടെന്നും എ കെ ബാലന്‍ പറഞ്ഞു. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റില്‍ നിന്ന് ഒരു വിളി വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യയെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

മെയ് ആറിന് ആരംഭിച്ച് 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. വിദേശയാത്രയുടെ ചെലവിന്റെ സ്രോതസ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണവും എ കെ ബാലന്‍ തള്ളി. വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിക്ക് എന്താണ് ബുദ്ധിമുട്ട്. കെ സുധാകരന്‍ ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

Spread the love

You cannot copy content of this page