തിരുവല്ല: ബിലീവേഴ്സ് ചര്‍ച്ച് മേധാവി കെപി യോഹന്നാന്‍ മെത്രാപ്പോലീത്തയുടെ ശസ്ത്രക്രിയ കഴിഞ്ഞു. അമേരിക്കയില്‍ രാവിലെ ഉണ്ടായ അപകടത്തില്‍ സാരമായി പരുക്കേറ്റ അദ്ദേഹം ചികിത്സയിലാണ്. പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ട് സഭയുമായി ബന്ധപ്പെട്ടവരുടെ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്ത്രിക രക്തസ്രാവം തടയാന്‍ കഴിഞ്ഞുവെന്നും സഭയുടെ പി ആര്‍ ഒ ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു.
ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ കെപി യോഹന്നാന്‍ തുടങ്ങിയ പ്രസ്ഥാനത്തെ, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ഈ സഭയുടെ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്തയുമാണ് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെപി യോഹന്നാന്‍.
കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം കേസുകളുടെ പേരില്‍ 2020 നവംബറില്‍ ആദായനികുതി വകുപ്പ് തുടര്‍ച്ചയായി നടത്തിയ റെയ്ഡുകളോടെ പ്രതിരോധത്തിലായ ബിലീവേഴ്സ് ചര്‍ച്ച്, പലവഴിക്ക് ശ്രമിച്ച് അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിട്ടില്ല