തിരുവല്ല: നൂറു കണക്കിന് നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവി(രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്.കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികളാണ് എൻ.എം. രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുമ്പറമ്പിൽ ഫിനാൻസ്, നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പണം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റയിൽസ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേരളാ കോൺഗ്രസ് എം സംസ്ഥാന ട്രാഷറര് ആയിരുന്നു. മൂന്നു മാസം മുൻപ് ഇദ്ദേഹ പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്ന് പറയുന്നു.
കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്നു. കെ.എം. മാണിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. രാജുവിനെതിരേ നിരവധി പരാതികൾ വന്നെങ്കിലും പൊലീസ് നടപടി എടുക്കുന്നില്ല എന്ന ആക്ഷേപംവ്യാപകമായിരുന്നു. അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശമലയാളികളിൽ നിന്നാണ് രാജുവിന്റെ നെടുമ്പറമ്പിൽ സിൻഡിക്കേറ്റ് പണം സമാഹരിച്ചിരുന്നത്. കോടികളാണ് പലരുംനിക്ഷേപിച്ചിട്ടുള്ളത്. രണ്ടു മാസം മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കൻ മലയാളി നൽകിയ പരാതിയിൽ കേസ് എടുത്തിരുന്നു. ഇത് പിന്നീട് ഒത്തു തീർപ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളിൽ പരാതി ചെല്ലുകയും കേസ് എടുക്കുകയും ചെയ്തിരുന്നു.
നെടുമ്പറമ്പിൽ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വിൽപ്പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ചെറിയ തുകകൾ ഉള്ളവർ പൊലീസിൽ പരാതി നൽകുമ്പോൾ ഒതുപ്പ് ചർച്ച നടത്തി മടക്കി നൽകിയിരുന്നു. എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ ആണ് എൻ.എം. രാജുവിനെ ചതിച്ചതെന്നാണ് പറയുന്നത്. നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം കേരളത്തിന് അകത്തുംപുറത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചു. കോവിഡ് കാരണം സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നേരിട്ടതോടെ റിയൽ എസ്റ്റേറ്റ് മേഖല തകരുകയും ചെയ്തു. ഇതാണ് എൻ.എം രാജുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് എന്നാണ് വിവരം.
നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ട് വിവിധ ബ്രാഞ്ചുകളിലെത്തി ബഹളം കൂട്ടുന്നുണ്ട്. കഴിഞ്ഞ വർഷം തന്നെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ കരിക്കിനേത്ത് സിൽക്സ് വാങ്ങി എൻസിഎസ് വസ്ത്രം എന്ന പേരിൽ തുണിക്കടകൾ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയിൽ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികൾ നൽകാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിൻ്റെ വാടക നൽകാതെ വന്നതും വിവാദത്തിന് കാരണമായി. ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടക നൽകാതെ ഇരിക്കാൻ കഴിയില്ലെന്ന് വിശ്വാസികൾ അറിയിക്കുകയും കടയ്ക്ക് മുന്നിൽ സമരം തുടങ്ങുകയും ചെയ്തിരുന്നു.