• Tue. Dec 24th, 2024

വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തി. സുനിത വില്യംസിൻ്റെ മൂന്നാം ബഹിരാകാശ ദൗത്യം വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവെച്ചു

ByPathmanaban

May 7, 2024

ന്യൂയോര്‍ക്ക്: വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു നിശ്ചയിച്ചിരുന്നത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

ഇപ്പോള്‍ പുതിയ ബഹിരാകാശ വാഹനമായ ‘ബോയിങ്ങ് സ്റ്റാര്‍ലൈനറി’ല്‍ യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സുനിതയെന്നും നാസ അറിയിച്ചു. 1998 ജൂണ്‍ മാസത്തില്‍ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ 58 വയസ്സുള്ള സുനിതയുടെ ആദ്യ ബഹിരാകാശയാത്ര അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെക്കായിരുന്നു. 2007 ജൂണ്‍ 22 വരെ അവര്‍ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ല്‍ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍പ്പോയ അവര്‍ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തുനടന്ന വനിത.

ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം നിശ്ചയിച്ചിരുന്നത് ഇന്ത്യന്‍ സമയം രാവിലെ എട്ടിന് ആയിരുന്നു. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണത്തിന് ഒരുങ്ങിയത്. പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും. അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും. ആദ്യമായാണ് സ്റ്റാര്‍ ലൈനര്‍ മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്താന്‍ തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.

Spread the love

You cannot copy content of this page