• Tue. Dec 24th, 2024

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം

ByPathmanaban

May 6, 2024

ബംഗളൂരു : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കോൺഗ്രസ് പ്രവർത്തകനെ തല്ലി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർണാടകയിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഡികെ ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച ഹവേരിയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കോൺഗ്രസ് പ്രവർത്തകനും മുനിസിപ്പൽ കൗൺസിലറുമായ വ്യക്തിയെ തല്ലിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ധാർവാഡിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി വിനോദ അസൂട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലിക്ക് നേതൃത്വം നൽകാൻ ഡികെ ശിവകുമാർ ഹവേരിയിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. അലാവുദ്ദീൻ മണിയാർ എന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറിനാണ് ഡികെ ശിവകുമാറിന്റെ മർദ്ദനമേറ്റത്.

തിരക്കിനിടയിലേക്ക് ഡികെ ശിവകുമാർ വാഹനത്തിൽ വന്നിറങ്ങിയ സമയത്ത് അലാവുദ്ദീൻ മണിയാർ അദ്ദേഹത്തിന്റെ ശരീരത്തിൽ തൊട്ടതാണ് ശിവകുമാറിനെ പ്രകോപിപ്പിച്ചത്. ക്ഷുഭിതനായ ഡികെ ശിവകുമാർ കോൺഗ്രസ് പ്രവർത്തകനെ തല്ലുകയായിരുന്നു. തുടർന്ന് പോലീസ് അലാവുദ്ദീൻ മണിയാരെ തള്ളി മാറ്റുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഡി കെ ശിവകുമാറിന്റെ പ്രവൃത്തിക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.

Spread the love

You cannot copy content of this page