• Tue. Dec 24th, 2024

നടി റോഷ്നയുടെ പരാതി; ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരണം

ByPathmanaban

May 4, 2024

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ റോഷ്ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകള്‍ പുറത്ത്. ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ പുറത്ത്. ബസ് ഓടിച്ചത് എല്‍എച്ച് യദു തന്നെയെന്ന് രേഖകളില്‍ വ്യക്തം. തിരുവനന്തപുരത്ത് നിന്ന് വഴിക്കടവിലേക്കുള്ള യാത്ര ജൂണ്‍ 18നായിരുന്നു. മടക്കയാത്ര ജൂണ്‍ 19നും. ജൂണ്‍ 19ന് കുന്നംകുളത്ത് വെച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം. സംഭവത്തില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം തുടങ്ങി.

ആര്‍പിഇ 492 എന്ന ബസായിരുന്നു അന്ന് യദു ഓടിച്ചത്. തിരുവനന്തപുരം തമ്പാനൂരിലെ സെന്‍ട്രല്‍ ഡിപ്പോയിലെ ഷെഡ്യൂളിലാണ് യദുവാണ് ഈ ബസ് ഓടിച്ചതെന്ന വിവരം ഉള്ളത്. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി റോഷ്‌ന വിവരിച്ചത്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്‌ന പറഞ്ഞു.

കുന്നംകുളം റൂട്ടില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാന്‍ സ്ഥലമുണ്ടായിരുന്നുള്ളുവെന്നും, സൈഡ് കൊടുക്കാന്‍ പോലും ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടിയെടുത്തുകൊണ്ടുപോയെന്നുമാണ് റോഷ്‌ന കുറിച്ചത്. തന്റെ വാഹനത്തിന് പിന്നില്‍ വന്ന് ഹോണ്‍ മുഴക്കിയത് പോലെ താനും തിരിച്ച് ഹോണ്‍ മുഴക്കിയപ്പോള്‍ ബസ് നടുറോഡില്‍ നിര്‍ത്തി പുറത്തിറങ്ങി വന്ന് വളരെ മോശമായി സംസാരിച്ചുവെന്നുമാണ് റോഷ്‌ന വിവരിച്ചത്.

Spread the love

You cannot copy content of this page