മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരിച്ചു. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു ആരോപണം.